അരക്കെട്ട്, നാഭി, വൃഷണം, ലിംഗം ഈ ശരീരഭാഗങ്ങളില്‍ വേദന, അധോവായുവിന് തടസ്സം എന്നിവയാണ് പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ന്ന് ഗ്രന്ഥിരൂപത്തില്‍ വൃദ്ധി കാണപ്പെടുന്നു. നാഭിയില്‍ ഇത് രണ്ടു വിധത്തിലുണ്ടാകാറുണ്ട്. ഒന്ന്, മുതിര്‍ന്നവരില്‍ കാണുന്ന ഇന്‍ഗൈ്വനല്‍ ഹെര്‍ണിയയാണ്. കഴലഭാഗത്ത് കാണുന്ന സ്വാഭാവികമായ ഒരു വിടവാണ് ഇന്‍ഗൈ്വനല്‍ കനാല്‍. കുടലിന്റെ ഒരു ഭാഗം ഉദരത്തില്‍ നിന്നും പുറത്തു ചാടുന്നത് ഈ വിടവിലൂടെയാണ്. പുറത്തു ചാടിയ ഭാഗം ഒരു ഗോളംപോലെ കഴലയില്‍ വ്യക്തമായി കാണാം. കാലക്രമത്തില്‍ ഇത് വൃഷണസഞ്ചിയിലേക്ക് ഇറങ്ങുന്നതോടെ വൃഷണസഞ്ചി വീര്‍ക്കുന്നു.
ജനിച്ച് കുറച്ച് ആഴ്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്ക് ശേഷമോ ഉണ്ടാകുന്ന അമ്പിലിക്കല്‍ ഹെര്‍ണിയയാണ് നാഭിയില്‍ ഉണ്ടാവുന്ന രണ്ടാമത്തെ ഇനം. നാഭിനാളഛിദ്രത്തിന്റെ ബലക്ഷയമാണ് ഇവിടെ ഹെര്‍ണിയക്ക് കാരണമാകുന്നത്.
സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഹെര്‍ണിയയാണ് ഫെമറല്‍ ഹെര്‍ണിയ. സ്ത്രീകളില്‍ ശ്രോണീനീളം കൂടുതലായതാണ് ഇതിനു കാരണം. ഫിമറല്‍ കനാലിലേക്കാണ് ഇവിടെ കുടലിറക്കമുണ്ടാകുന്നത്. ഇതും ഒരു ഗോളംപോലെ ഉയര്ന്നുനില്ക്കുന്നതായി കാണാം. ചുമയ്ക്കുമ്പോള്‍ വായു നിറയുന്നതുപോലെ ഉയര്‍ന്നുവരികയും അമര്‍ത്തുമ്പോള്‍ ഉദരത്തിന്റെ ഭാഗത്തേക്ക് അമര്‍ന്ന് പോകുകയും ചെയ്യും.
ഉദരഭിത്തിയുടെ അകല്‍ച്ചകൊണ്ട് വരുന്നതാണ് ഉദരഭിത്തിഗത ഹെര്‍ണിയ . പൊണ്ണത്തടിയാണ് ഇവിടെ പ്രധാന കാരണം. ജന്മനാ ഉണ്ടാകുന്ന ഉദരപടലഗത ഹെര്‍ണിയയുടെ കാരണം മധ്യഛദത്തിന്റെ രണ്ടു വശത്തേയും അര്‍ദ്ധഭാഗങ്ങളുടെ അപൂര്‍ണമായ വികാസമാണ്. ഈ വിടവില്‍ക്കൂടി ആമാശയം, വസ, വന്‍കുടല്‍, ചെറുകുടലില്‍ കുറച്ചു ഭാഗം എന്നിവ നെഞ്ചിന്റെ ഭാഗത്തേക്കാണ് തള്ളിവരുന്നത്.
You must be logged in to post a comment.