ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം!

oneparrotnetwork > Blog > Health > ഫാറ്റിലിവർ എങ്ങിനെ മാറ്റിയെടുക്കാം!

എന്താണ് ഈ ഫാറ്റിലിവര്‍?
കരളില്‍ അമിതമായി കൊഴുപ്പടിഞ്ഞ് അത് കരളിന്റെ പ്രവര്‍ത്തനത്തെവരെ ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മദ്യപാനംതന്നെയാണ്. എന്നാല്‍ മദ്യപാനി അല്ലാത്തവരിലും ഇതു കണ്ടുവരുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന കരള്‍രോഗത്തെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഇതിന്റെ ചികിത്സ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്; മദ്യപാനം നിര്‍ത്തുക എന്നത്. ഇതു നടക്കുന്നില്ലെകില്‍ ഇത്തരം രോഗികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. മദ്യപാനികളല്ലാത്തവരില്‍ ഉണ്ടാകുന്ന ഫാറ്റിലിവറിനെപ്പറ്റി നമുക്ക് കൂടുതല്‍ അടുത്തറിയാം.

എന്തൊക്കെയാണ് കാരണങ്ങള്‍?
മദ്യപാനംമൂലം അല്ലാതെയുള്ള ഫാറ്റിലിവറിന്റെ പ്രധാന കാരണം അമിതവണ്ണംതന്നെയാണ്. ഇത്തരക്കാരില്‍ സാധാരണയായി അമിതരക്തസമ്മര്‍ദവും പ്രമേഹവും രക്തത്തില്‍ അമിതമായി കൊളസ്ട്രോളിന്റെ അളവും കണ്ടുവരുന്നു. പ്രമേഹരോഗികളിലാകട്ടെ അമിതവണ്ണം ഇല്ലാതെയും ഫാറ്റിലിവര്‍ സാധാരണമാണ്. എന്നാല്‍ ഒരുകൂട്ടം രോഗികള്‍ക്ക് മേല്‍പ്പറഞ്ഞ ഒരു രോഗങ്ങളും, അമിതവണ്ണവും ഒന്നുമില്ലാതെ പാരമ്പര്യമായുള്ള ഫാറ്റിലിവര്‍ കണ്ടുവരുന്നു. ചില ജനിതകമായ കരള്‍രോഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സി അണുബാധയിലും ഫാറ്റിലിവര്‍ കാണാറുണ്ട്.

റെനൈ മെഡിസിറ്റിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. മായാ പീതാംബരൻ പറയുന്നത് കേൾക്കാം:

ഫാറ്റിലിവറിന്റെ രോഗലക്ഷണങ്ങള്‍ എന്താണ്?
ഫാറ്റിലിവറിനെപ്പറ്റി നാം അറിയേണ്ട ഒരു പ്രധാന ഘടകം എന്താണെന്നാല്‍, എല്ലാ ഫാറ്റിലിവറുകളും അപകടകാരിയല്ല എന്നതുതന്നെയാണ്. ഫാറ്റിലിവര്‍ ബാധിക്കുന്ന ഭൂരിപക്ഷം രോഗികളിലും ഇതു കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ഇത്തരക്കാര്‍ക്ക് കൃത്യമായ വ്യായാമവും ആഹാരരീതികളും ഉണ്ടെങ്കില്‍ മറ്റൊന്നും പേടിക്കാനില്ല. എന്നാല്‍ ചില രോഗികളില്‍ ഇത് പതുക്കെപ്പതുക്കെ കരള്‍വീക്കം (ഹെപ്പറ്റെറ്റിസ്), പിന്നീട് കരളിന് സ്ഥായിയായ കേടുപാടുകള്‍ (ലിവര്‍ സിറോസിസ്) എന്നീ അവസ്ഥകളിലേക്കു നയിക്കുന്നു. അപൂവം രോഗികളില്‍ ഇത് കരളിലെ ക്യാന്‍സറിനും കാരണമാകാം. തുടക്കത്തില്‍ ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ല. ഇത്തരക്കാരില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായുള്ള പരിശോധനയിലാണ് രോഗം കണ്ടുപിടിക്കുന്നത്. ഹെപ്പറ്റൈറ്റിസ് അവസ്ഥയില്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടേക്കാം. കരളില്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇത് കാലിലും വയറിലും നീര്, രക്തം ഛര്‍ദിക്കല്‍, അബോധാവസ്ഥ, മഞ്ഞപ്പിത്തം തുടങ്ങിയ കടുത്ത രോഗലക്ഷണം ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം കടുത്ത പ്രശ്നങ്ങള്‍ ചില രോഗികളില്‍ മാത്രമേ സംഭവിക്കാറുള്ളു. എല്ലാവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.

രോഗം എങ്ങിനെ കണ്ടുപിടിക്കാം
നേരത്തെ പറഞ്ഞതുപോലെ തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ടെസ്റ്റുകളിലൂടെ മാത്രമേ ഈ രോഗം കണ്ടുപിടിക്കാനാകൂ. പ്രധാനമായും അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. പ്രമേഹം, അമിതമായ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ ഈ സ്കാനിങ് ചെയ്യുന്നത് ഉത്തമമാണ്. എല്ലാ ഫാറ്റിലിവറും അപകടകാരികളല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. നിങ്ങളുടെ ഫാറ്റിലിവര്‍ പ്രശ്നക്കാരനാണോ അല്ലയോ എന്നറിയാന്‍ രക്തപരിശോധനകള്‍ അത്യാവശ്യമാണ്. ലിവര്‍ഫങ്ഷന്‍ ടെസ്റ്റുകള്‍, പ്രത്യേകിച്ച് എസ്ജിപിടി, എസ്ജിഒടി എന്നിവയില്‍ കേടുകളുണ്ടെങ്കില്‍ ഇത്തരം ഫാറ്റിലിവറുകള്‍ ചികിത്സിക്കേണ്ടതാണ്. ഈ രക്തപരിശോധനകള്‍ നോര്‍മലാണെങ്കില്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റുകള്‍ വീണ്ടും ചെയ്യേണ്ടതാണ്.

You must be logged in to post a comment.